Wednesday, May 16, 2012

കലാശക്കൊട്ട്


കലോസ്തവങ്ങള്‍ എനിക്കെന്നും നിറമുള്ള ഓര്‍മ്മകള്‍ ആണു. ആര്‍പ്പുവിളികളും കൂക്കുവിളികളും തല്ലും വഴക്കും എല്ലാം നിറഞ്ഞ മൂന്നു നാലു ദിവസങ്ങള്‍. ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് തല്ലു കൊള്ളാതെ പോന്ന ഒരു കലോസ്തവത്തിനെ പറ്റിയാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നും ഞാന്‍ ഒരു സ്ഥിരം തല്ലുകൊള്ളി ആണെന്ന്. അതിന്‍റെ ഒന്നും യാതൊരു ആവശ്യവും ഇല്ല. ഉദാഹരണമായി താങ്കള്‍ക്ക് എവിടെന്നെങ്കിലും തല്ലുകിട്ടാന്‍ ഉണ്ടെന്നു കരുതുക, അത് താങ്കള്‍ക്ക് കിട്ടുന്ന സമയത്ത് തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഒപ്പം ഉണ്ടാകുകയും അതിന്‍റെ ഒരു പങ്കു എനിക്കു കിട്ടുകയും ചെയ്യും ! സാഹിത്യപരമായി അതിനെ നിയോഗം എന്ന് വിശേഷിപ്പിക്കാം. എത്ര അങ്ങോട്ട്‌ കൊടുത്തു എന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. ഇങ്ങോട്ട് കിട്ടിയ അഞ്ചു ആറു എണ്ണത്തിന്റെ സ്ഥാനം പിറ്റേ ദിവസം കുളിക്കുമ്പോള്‍ അറിയാം. പക്ഷെ , കൂട്ടതല്ലിനു ഇരയാകേണ്ടി വന്നാല്‍ സുഖം ആണ് , സലിം കുമാര്‍ പറഞ്ഞപോലെ ആകെ ഒരു മൂളക്കം മാത്രം ഉണ്ടാകുള്ളൂ. എന്റെ പൊന്നോ ... എന്നെ ഒന്നും ഒര്മിപ്പിക്കല്ലേ ...

കലോസ്തവ വേദിയില്‍ നിനക്കെന്തു കാര്യം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും , സ്വാഭാവികം !
ഒരു സ്കൂളിലെ പ്രധാനപ്പെട്ട ആദ്യപകര്‍ ആയിരിക്കുമല്ലോ കലോസ്തവങ്ങള്‍ക്ക് പോകുക. അപ്പോള്‍ തിരിച്ചു വരുന്നത് വരെ സ്കൂളിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ അവിടത്തെ ഏറ്റവും പ്രശ്നക്കാരായ കുട്ടികളെ കൂടെ കൊണ്ടുപോകുക പതിവാണ് .ടാബ്ലോ എന്ന കലാരൂപം ഇതിനു വേണ്ടിത്തന്നെ ഉണ്ടക്കിയിട്ട് ഉള്ളതാണ്   എന്നെനിക്ക് തോന്നിയിട്ടുണ്ട്

പൊതുവേ കലോസ്തവ ദിവസങ്ങളെ നാലായി ഭാഗിക്കാം
1.പരതല്‍ 
ഈ  ഘട്ടത്തില്‍ എല്ലാ മത്സരാര്‍ഥികളെയും നടന്നു വായ നോക്കുകയാണ് വേണ്ടത് . ഇങ്ങോട്ട് ഒരു പാളല്‍ ഇല്ലാത്തതും ഒറ്റ നോട്ടത്തില്‍ ചരക്കു മണികള്‍ അല്ലാത്തതും ആയവരെ  തിരയുകയായിരിക്കും നല്ലതെന്നു അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ ഇവിടെ ഓര്‍മിപ്പിക്കുകയാണ്
2.നിര്‍ണ്ണയം
സമാന ചിന്താഗതിക്കാരായ സുഹൃതുക്കുളുമായ് ഒരു ധാരണയില്‍ എത്തുകയാണ് വേണ്ടത്. ഈ ഘട്ടത്തില്‍ ഓരോരുത്തരും അവരുടെ ലക്‌ഷ്യം നിര്‍ണയിക്കുന്നു . സമയം വളരെ പരിമിതവും മല്‍സരം ശക്തിയേറിയതും ആയതിനാല്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ മാറ്റാന്‍ പാടുള്ളതല്ല. (ചുരുക്കി പറഞ്ഞാല്‍ തെണ്ടിത്തരം കാണിക്കരുത് )
3.അവതരണം
വളരെ ശ്രദ്ധയോടും കയ്യടക്കതോടും കൂടി ചെയ്യേണ്ട പ്രക്രിയ ആണ് ഇത്. ഒരേ സമയം ലളിതവും ആകര്‍ഷകവും ആയിട്ടായിരിക്കണം അവതരിപ്പിക്കേണ്ടത്  . ചെറിയ പാളിച്ചകള്‍ക്ക് വലിയ വില നല്‍കേണ്ടതായി വന്നേക്കാം. നമ്മുടെ തരുണീമണികള്‍ക്ക്  അകമ്പടി വന്നിട്ടുള്ള മാതാപിതാക്കളെയും അദ്ധ്യാപകരേയും ശ്രദ്ധിക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
4.കലാശക്കൊട്ട് 
ഈ ഘട്ടത്തിലാണ് പ്രതികരണങ്ങള്‍ അറിയുക, ഫോണ്‍ നമ്പരുകള്‍ കൈ മാറുക തുടങ്ങിയ ശ്രമകരമായ ജോലികള്‍ ചെയ്യേണ്ടത്. എല്ലാത്തിലും ഉപരിയായി തടി കേടാകാതെ സൂക്ഷിക്കുക.

പതിവു പരതലിനു ഇടയിലാണ് ഞാന്‍ അവളെ കണ്ടത് ...
ചന്ദന നിറത്തിലുള്ള  പട്ടു പാവടയായിരുന്നുവേഷം.ഇരുനിറം, ചന്ദനക്കുറി, തുളസിക്കതിര്‍.. എല്ലാം ആകര്‍ഷകം.
മണികള്‍ മുഴങ്ങി, അവള്‍ സ്ലോ മോഷനില്‍ തിരിഞ്ഞു, പൂക്കള്‍ പൊഴിഞ്ഞു, ആരോ ഹമ്മിങ്ങും പാടി ... (സ്വാഭാവികം )
പക്ഷെ അപ്രതീക്ഷികമായ് ഒന്ന് സംഭവിച്ചു. ഒരു നിമിഷം അവള്‍ എന്നെത്തന്നെ നോക്കി നിന്നു . എന്നിട്ട് , പെട്ടന്ന് തിരിഞ്ഞു നടന്നു.(ഈശ്വരാ .. എന്റെ നോട്ടം അത്രയും  നീചം ആയിരുന്നോ ?)

എന്തായാലും ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. "ഈ ഉത്സവകാലം ഇവളോടൊപ്പം "

പിന്നീട്  പലയിടങ്ങളിലും ന്യങ്ങള്‍ കണ്ടുമുട്ടി ഭക്ഷണശാലയില്‍, വേദികളില്‍,ഇടവഴികളില്‍ ... ഇതെല്ലാം യാദ്ര്ശ്ചിക മാണെന്ന്  വരുത്തി തീര്‍ക്കാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടി. അവളുടെ പുഞ്ചിരികള്‍ എനിക്ക് പ്രോത്സാഹനങ്ങള്‍ ആയി. പക്ഷെ ഒരു സംശയം മാത്രം ബാക്കി ആയി. "എന്നാലും ഇത്ര പെട്ടന്ന് "???

ഷെഫീദിയന്‍ തിയറി ഓഫ് വളക്കല്‍ I*  അനുസരിച്ച് നമുക്ക്‌ ഒരാളോട് ഇഷ്ടം തോന്നിയാല്‍ 80% പേരെ കൊണ്ടും തിരികെ ഇഷ്ടം തോന്നിപ്പിക്കവുന്നതേ ഉള്ളു. അവര്‍ നിലവില്‍ ഒരു പ്രണയത്തില്‍ ആണോ അല്ലയോ കല്യാണം കഴിഞ്ഞതോ കഴിയാത്തതോ കുട്ടി ഉള്ളതോ ഇല്ലാത്തതോ കുളിക്കാതവള്‍ പല്ലുതേക്കാത്തവള്‍ എന്നതൊന്നും ഇതിനു ബാധകമല്ല.  പക്ഷെ നമ്മുടെ നാട്ടിലെ ചില വൃത്തികെട്ട  സാഹചര്യങ്ങള്‍ കൊണ്ട് ഇവരിലെ 40% പേര്‍ മാത്രമേ തിരികെ ഇഷ്ടം പ്രകടിപ്പിക്കുകയുള്ളു എന്ന് മാത്രം.ഇതില്‍ തന്നെ ഒരു 10% പേരെ കൊണ്ട് തുറന്നു പറയിപ്പിക്കണം എങ്കില്‍ കുറച്ചു ബുദ്ധിമുട്ടും !! അവരുടെ അടുത്ത് ചില പൊടി കൈകള്‍ ഉപയോഗിക്കുകയേ രക്ഷയുള്ളൂ.
ഉദാഹരണം ആയി "നീ എന്നെ കളിപ്പിക്കുകയല്ലേ , എന്നെ ഇഷ്ടമാണെന്ന് വെറുതെ പറയുന്നതല്ലേ ??" എന്നാണ് അവളുടെ  മറുപടി എങ്കില്‍ ... അടിച്ചു മോനെ !!!...
മേലെ പറഞ്ഞ ഈ വാക്കുകളുടെ അര്‍ഥം, ഈ ബന്ധത്തെ പറ്റി അവള്‍ നേരത്തെ ചിന്തിച്ചിട്ടുണ്ട്, നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന അവള്‍ ആഗ്രഹിച്ചിട്ടും ഉണ്ട്. പക്ഷെ അത് തുറന്നു പറയിക്കണം എങ്കില്‍ ചിലപ്പോള്‍ ചില തറ നമ്പരുകള്‍ ഇറക്കേണ്ടി വരും.പക്ഷെ ഒന്ന്‌ ഓര്‍ക്കുക, നാണം ഇല്ലാത്തവന്റെ കൂടെ എന്നും  പെണ്ണ് ഉണ്ടായിരിക്കും... അത്  പ്രകൃതി സത്യമാണ്.
ഒരു പത്തു ഏറു എറിയുമ്പോള്‍ രണ്ടു എണ്ണം എങ്കിലും കൊള്ളും എന്നത് സ്വാഭാവികം.
പരോക്ഷ ചോദ്യത്തിലൂടെ ഉത്തരം പറയിപ്പിക്കുക എന്നതാണ് ഏറ്റവും ലളിതമായ മാര്‍ഗം. എന്നിട്ട് രണ്ടു മിനിറ്റിനു ശേഷം പറയുക, നേരത്തെ നീ പറഞ്ഞ ഉത്തരത്തിലൂടെ എന്നെ ഇഷ്ടമാണെന്ന സത്യം വെളിപ്പെടുത്തി കഴിഞ്ഞു എന്ന്. ഇതിനുള്ള മറുപടി നിലക്കാത്ത പൊട്ടിച്ചിരിയോ ദേഹോപദ്രവമോ ആയേക്കാം. പക്ഷെ താന്‍ പറഞ്ഞ വാക്കുകള്‍ക്കു അങ്ങിനെ ഒരു അര്‍ഥം ഇല്ല എന്നവര്‍ തര്‍ക്കിക്കും. നമ്മള്‍ അതിനു ചെവി കൊടുക്കാതിരിക്കുക. വര്‍ഷങ്ങള്‍ ആയി അവള്‍ തന്‍റെ കാമുകി ആണെന്ന രീതിയില്‍ സംസാരിക്കുക. ക്രമേണ അവള്‍ക്കു തന്നെ തോന്നും താന്‍ ആ സത്യം വെളിപ്പെടുത്തി കഴിഞ്ഞു എന്ന്...

ഇനി നമുക്ക്‌ കഥയിലേക്ക് തിരിച്ചു വരാം..

ഇന്ന് കലാശക്കൊട്ടാണ്, അതായത് കലോസ്ടവത്തിന്റെ അവസാന ദിവസം.
അവതരണത്തിന് ലഭിച്ച അവസരങ്ങള്‍ കളഞ്ഞു കുളിച്ച നഷ്ടബോധവും പേറി ഞാന്‍  അവളെ തിരഞ്ഞു നടക്കുകയാണ്. തൃശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കഴിഞ്ഞു. അതിന്റെ ആഘോഷങ്ങള്‍ ഒരു വശത്ത്.

അതാ.. തേടിയ വള്ളി ചുരിദാറും ഇട്ടു വരുന്നു ...

പറയാനായി കരുതി വച്ച ഡയലോഗ്സ് മനസ്സില്‍ ഉരുവിട്ടുകൊണ്ട് അടുത്തേക്ക്‌ ചെന്നു.
(എവിടെന്നോ ഞാന്‍ ഒരു പാട്ട് കേട്ടു. "അവനവന്‍ കുഴിക്കുന്ന കുഴികളില്‍ ....)

ഏ ... ദോണ്ടെ ലവള്‍ ലിങ്ങോട്ടു വരുന്നു...

എന്റെ നേരെ മുന്‍പില്‍ വന്നു നിന്ന് അവള്‍ പറഞ്ഞു " ഹലോ "...

പറയാന്‍ ഉദ്ദേശിച്ച ഡയലോഗ് പോയിട്ട് ഒന്നാം ക്ലാസ്സില്‍ പഠിച്ച  കോടാലി പോയ മരം വെട്ടുകാരന്റെ കഥവരെ ഞാന്‍ മറന്നു പോയി...

" അ .. ആ ..  ഹലോ .. " ഒരു വിധത്തില്‍ ഞാന്‍ പറഞ്ഞു ഒപ്പിച്ചു ...

"ഇപ്പൊ എവിടാ ചേട്ടന്‍ പഠിക്കുന്നെ?? "

"ഞാന്‍... ഇവിടെ.. ഇതിന്‍റെ അപ്പുറത്തെ.... "
എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ കുഴങ്ങി ...

"ആദ്യം കണ്ടപ്പോ ചേട്ടനെ മനസ്സിലായില്ലാട്ടോ '' അവള്‍ ചിരിച്ചു.

"നമ്മള്‍... മുന്‍പ് ... എവിടെ...?? " പണി പാളി എന്ന് എനിക്ക് മനസ്സിലായി.

" ഹാ ... ഓര്‍മയില്ലേ ?? ന്യങ്ങളുടെ കുടുംബ ക്ഷേത്രത്തില്‍   ഉ സ്തവത്തിനു വന്നത് ?? അരുണിന്‍റെ അനുജത്തി ആണ് ഞാന്‍ ... "

"ഓ .. ഊ .. പിന്നെ..."
പാവാടയും എടുത്തു മൂക്കൊലിപ്പിച്ചു നടന്നിരുന്ന ഇവള്‍ എട്ടിന്റെ പണിയുടെ രൂപത്തില്‍ എന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.

"കൊച്ചേട്ടന്‍  പോളി ടെക്നിക്കില്‍ ചേര്‍ന്നു "

യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതി പഠിക്കുന്ന അരുണിന്‍റെ മുഖം എന്‍റെ മനസ്സില്‍ വന്നതേ ഇല്ല. ഇവളുടെ പിന്നാലെ നടന്നു നഷ്ടപ്പെടുത്തിയ വിലപ്പെട്ട നാല് ദിവസ്സങ്ങളെ പറ്റി മാത്രമായിരുന്നു എന്‍റെ ചിന്ത.

പിന്നീടും അവള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..

യാത്ര പറഞ്ഞു പോകാന്‍ നേരത്തു എനിക്കവളോട് പറയണം എന്നുണ്ടായിരുന്നു
" ദയവുചെയ്ത് ഇനി അരുണിന്‍റെ കൂട്ടുകാരെ കാണുമ്പോള്‍ ആദ്യം തന്നെ ചേട്ടന്റെ വിശേഷങ്ങള്‍ പറയുക!!! "


 ********************************************************************************
നിയമപ്രകാരമുള്ള മുന്നറിയിപ്പ് 

ഷെഫീദിയന്‍ തിയറി ഓഫ് വളക്കല്‍ I*

ആത്യന്തികമായി ഇതൊരു തിയറി മാത്രമാണ്. പത്തു വര്ഷം മുന്പ് വിജയകരമായി പ്രയോഗിക്കപ്പെട്ടിരിന്നു എങ്കിലും ഇന്നിത് കാലഹരണപ്പെട്ടിരിക്കുന്നു. ആയതിനാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഈ തിയറി ഉപയോഗിച്ച് വരുന്ന നാശനഷ്ടങ്ങള്‍ക്കും മാനഹാനിക്കും കഥാകൃത്ത് ഉത്തരവാദി ആയിരിക്കുന്നതല്ല എന്ന് രേഘാമൂലം അറിയിച്ചുകൊള്ളുന്നു.


പക്ഷെ, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി നിങ്ങള്‍ അന്വേഷിച്ചു നടക്കാനിട്ടും സ്വന്തമാക്കാന്‍ ശ്രമിക്കാനിട്ടും ചിലര്‍ നിങ്ങളുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കും. ഇപ്പോഴും അവരെപ്പറ്റി ആലോചിക്കുമ്പോള്‍ നിങ്ങളുടെ ഇട നെഞ്ചില്‍ ഒരു വേദനയുണ്ടെങ്കില്‍, നിങ്ങളുടെ കണ്ണുകള്‍ നിറയുന്നുണ്ട് എങ്കില്‍, അയാളെയാണ് നിങ്ങള്‍ പ്രണയിച്ചിരുന്നത്...

1 comment:

  1. Ha ha ha....kollaaaam....

    പക്ഷെ, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി നിങ്ങള്‍ അന്വേഷിച്ചു നടക്കാനിട്ടും സ്വന്തമാക്കാന്‍ ശ്രമിക്കാനിട്ടും ചിലര്‍ നിങ്ങളുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കും. ഇപ്പോഴും അവരെപ്പറ്റി ആലോചിക്കുമ്പോള്‍ നിങ്ങളുടെ ഇട നെഞ്ചില്‍ ഒരു വേദനയുണ്ടെങ്കില്‍, നിങ്ങളുടെ കണ്ണുകള്‍ നിറയുന്നുണ്ട് എങ്കില്‍, അയാളെയാണ് നിങ്ങള്‍ പ്രണയിച്ചിരുന്നത്...NICE WORDS.....

    ReplyDelete